സ്വാതന്ത്ര്യ ദിനാഘോഷ സുരക്ഷാവീഴ്ച ; ഡല്‍ഹി പൊലീസ് വാഹനം മോഷണം പോയി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കവേ ഡല്‍ഹി പൊലീസ് വാഹനം മോഷണം പോയി.

ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്‌റ്റേഷനിലെ ജിപ്‌സിയാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെതാണ് ജിപ്‌സി.

പെട്രോളിങ്ങിന് ശേഷം നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് മോഷണം പോയത്.

സ്വാതന്ത്ര്യദിനാഘോഷം മുന്‍നിര്‍ത്തി പൊലീസിന്റെത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും അവ വെഹിക്കിള്‍ ബോണ്‍ ഇംപ്രവൈസ്ഡ് എക്‌പ്ലോസീവ് ഡിവൈസുകളാക്കി (വി ബി ഐ ഇ ഡി) മാറ്റാനും ഇടയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

കാണാതായ വാഹനങ്ങള്‍ ഓഗസ്റ്റ് പതിനഞ്ചിനു മുമ്പ് സ്‌ഫോടനത്തിന് ഉപയോഗിച്ചേക്കുമെന്നും സൂചനയിലുണ്ടായിരുന്നു.

വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. നഗരത്തില്‍ വിന്യസിച്ചിരിക്കുന്നതും ബീറ്റ് പൊലീസ് ഓഫീസര്‍മാര്‍ക്കും വാഹനം തിരയാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ ഡ്രൈവര്‍ വീടിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്ത ശേഷം അകത്തേക്കു പോവുകയും തിരിച്ചു വന്നപ്പോള്‍ വാഹനം കാണാതാവുകയുമായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രദേശത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. പൊലീസ് വാഹനങ്ങള്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ നിര്‍ത്തിയിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top