ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായികിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബാങ്കുകളോട് അഭ്യര്‍ഥിച്ചു.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും (ഐ.ആര്.എഫ്) സക്കീര്‍ നായിക്കിന്റെ അടുത്ത ബന്ധുക്കളുടെയും അടക്കം മൂന്ന് ബാങ്കുകളിലുള്ള 25 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം.
സക്കീര്‍ നായിക്കിന്റെ ബന്ധുകളും സുഹൃത്തുകളും അടക്കം 12 പേരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് എന്‍.ഐ.എ ബാങ്കുകളോട് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസ്സില്‍ ചേരാന്‍ പദ്ധതിയിട്ട രാജസ്ഥാന് സ്വദേശിയായ യുവാവിന് സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് 80,000 രൂപ നല്‍കിയതിന്റെ തെളിവുകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സക്കീര്‍ നായികിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 20 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ ലഭിച്ചത്. വീഡിയോ ടേപ്പുകളും, ഡി.വി.ഡികളും, പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും റെയ്ഡില്‍ എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു. സക്കീര്‍ നായിക്കിന്റെ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കിയ വിവിധ സ്വകാര്യ കമ്പനികളും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.