3,30,000 കുട്ടികളെ ഫ്രഞ്ച് കത്തോലിക്ക സഭ പീഢിപ്പിച്ചതായി റിപ്പോർട്ട് !

പാരീസ്: 1950 മുതല്‍ 216000 കുട്ടികളെയാണ് കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സഭയിലെ താഴ്ന്ന തട്ടിലുള്ളവര്‍ പീഡിപ്പിച്ചതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 330000 കടക്കുമെന്നും ഒരു സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. കണക്കുകള്‍ വളരെ വലുതായിരുന്നുവെന്ന് അന്വേഷണ സംഘം തലവന്‍ ജീന്‍ മാര്‍ക്ക് സോവ് പറഞ്ഞു.

പുറത്തുവന്ന കണക്കുകള്‍ നാണം കെടുത്തുന്നതും ഭീതിതവുമാണെന്നും മാപ്പ് നല്‍കണമെന്നുമായിരുന്നു ഫ്രഞ്ച് സഭയുടെ പ്രതികരണം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ വഴിത്തിരിവാകും ഈ റിപ്പോര്‍ട്ടെന്ന് പീഡിപ്പിക്കപ്പെട്ടവരിലൊരാള്‍ പ്രതികരിച്ചു. തങ്ങളുടെ നടപടികളെ പുനര്‍വിചിന്തനം ചെയ്യാനുള്ള സമയമാണ് കത്തോലിക്കാ സഭയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. റോമന്‍ കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ ഏറ്റവും ഒടുവിലായി ഉയര്‍ന്ന ലൈംഗികാതിക്രമത്തെ റിപ്പോര്‍ട്ട് അടിവരയിടുന്നു.

2018 ല്‍ ഫ്രഞ്ച് കത്തോലിക്കാ സഭയാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്. ആക്രമിക്കപ്പെട്ടവര്‍, അഭിഭാഷകര്‍, പുരോഹിതര്‍, പൊലീസ്, സഭയിലെ രേഖകള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയി രണ്ടര വര്‍ഷം എടുത്താണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടായിരാമാണ്ട് വരെ ആക്രമിക്കപ്പെട്ടവരോട് ക്രൂരവും നിസംഗവുമായ മനോഭാവമാണ് സഭക്ക് ഉണ്ടായിരുന്നതെന്ന് ജീന്‍ മാര്‍ക്ക് സോവ് പറഞ്ഞു.

ആകെയുള്ള 115000 പേരില്‍ 2900 മുതല്‍ 3200 ഓളം പീഡകരുടെ തെളിവുകള്‍ കമ്മീഷന് ലഭിച്ചു. ഇത് ഒരു പക്ഷേ വളരെ കുറവായിരിക്കുമെന്നും കമ്മീഷന്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായവരില്‍ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

60 ശതമാനത്തോളം പേരാണ് ആക്രമണത്തിന് ശേഷമുള്ള അവരുടെ മാനസ്സിക ലൈംഗിക ജീവിതത്തെ ആ സംഭവങ്ങള്‍ പ്രയാസകരമാക്കിയെന്ന് വെളിപ്പെടുത്തിയത്. സഭയുടെ സംസ്‌കാരത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണം. അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞാല്‍ അത് മൂടി വയ്ക്കുന്നതില്‍ മാറ്റം വരണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. അടുത്തിടെയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമന്‍ കത്തോലിക്കാ സഭയുടെ നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിൽ ലജ്ജിക്കുന്നെന്നും ക്ഷമ ചോദിക്കുന്നെന്നും മാർപാപ്പ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

Top