ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനകളിയില്‍ സമനിലയില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.

ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനകളിയില്‍ സമനിലയുമായി രക്ഷപ്പെട്ട് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. നോക്കൗട്ട് റൗണ്ടില്‍ കടന്നു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച എഫ്.സി. ബാഴ്സലോണയെ ബെല്‍ജിയം ക്ലബ്ബ് റോയല്‍ ആന്റ്വെര്‍പ് അട്ടിമറിച്ചു.

3-2 നാണ് ബാഴ്സയെ അന്റ്വെര്‍പ് തോല്‍പ്പിച്ചത്. അര്‍തര്‍ വെര്‍മീരന്‍ (രണ്ട്), വിന്‍സെന്റ് ജാന്‍സന്‍ (56), ജോര്‍ദ് ഇലെനിഖേന (90+2) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ചെയ്തു. ബാഴ്സയ്ക്കായി ഫെറാന്‍ ടോറസ് (35), മാര്‍ക് ഗുലു (90) എന്നിവര്‍ ലക്ഷ്യംകണ്ടു. ഗ്രൂപ്പ് എച്ചില്‍നിന്ന് ബാഴ്സയ്‌ക്കൊപ്പം പോര്‍ട്ടോയും നോക്കൗട്ട് റൗണ്ടിലെത്തി.ഗ്രൂപ്പ് ജിയില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ആറുകളിയിലും ജയിച്ചു. അവസാനമത്സരത്തില്‍ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ തോല്‍പ്പിച്ചു (3-2). സിറ്റിക്കായി മൈക്ക് ഹാമില്‍ട്ടണ്‍ (19), ഓസ്‌കര്‍ ബോബ് (62), കാള്‍വിന്‍ ഫിലിപ്സ് (പെനാല്‍ട്ടി 85) എന്നിവര്‍ ഗോളടിച്ചു. റെഡ് സ്റ്റാറിനായി ഹ്വാങ് ഇന്‍ ബോയെം (76), അലെക്സാണ്ടര്‍ കറ്റായ് (90+1) എന്നിവര്‍ ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ ആര്‍.ബി. ലെയ്പ്സിഗ് യങ് ബോയ്സിനെ കീഴടക്കി (2-1). ലെയ്പ്സിഗും നോക്കൗട്ട് റൗണ്ടിലെത്തിയിട്ടുണ്ട്.

ഡോര്‍ട്മുണ്‍ഡിനെ തളച്ചാണ് പി.എസ്.ജി. നോക്കൗട്ട് ഉറപ്പിച്ചത് (1-1). കരീം അഡെയെമി (51) ഡോര്‍ട്മുണ്‍ഡിനായും വാറന്‍ സെയ്റെ എമെറി (56) പി.എസ്.ജി.ക്കായും ഗോള്‍ നേടി. മിലാന്‍ ന്യൂകാസിലിനെ 2-1 ന് തോല്‍പ്പിച്ചു. ക്രിസ്റ്റ്യന്‍ പുലിസിച്ച് (59), സാമുവന്‍ ചുക് വ്യൂസെ (84) എന്നിവര്‍ മിലാനും ജോയ്ലിന്റണ്‍ (33) ന്യൂകാസിലിനായും ഗോള്‍നേടി. 11 പോയന്റുമായി ബൊറൂസിയ ഗ്രൂപ്പ് ജേതാക്കളായി. പി.എസ്.ജി.ക്കും മിലാനും എട്ടുപോയന്റുവീതമായെങ്കിലും പരസ്പരം കളിച്ചപ്പോള്‍ ലഭിച്ച പോയന്റിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മുന്നേറി.

 

Top