ഫ്രഞ്ച് ഓപ്പണ്‍: മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യത്തിന് കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് കിരീടം. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോവ്‌സ്‌ക്കി സഖ്യം കിരീടം ചൂടി.

ഫൈനലില്‍ കൊളംബിയന്‍-ജര്‍മന്‍ സഖ്യമായ റോബര്‍ട്ട് ഫെറ- അന്ന ലെന ഗ്രോനിഫെല്‍ഡ് കൂട്ടുകെട്ടിനെ മറിച്ചാണ് ബൊപ്പണ്ണ സഖ്യം ചരിത്രമായത്.

ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ വീരഗാഥ. ആദ്യ സെറ്റ് നഷ്ടമായ ബൊപ്പണ്ണയും കൂട്ടുകാരിയും രണ്ടാം സെറ്റില്‍ അതേ സ്‌കോറിന് തിരിച്ചടിച്ചു. നിര്‍ണായകമായ അവസാന സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ടൈ ബ്രേക്കറിലാണ് ബൊപ്പണ്ണ സഖ്യത്തിന് വിജയിക്കാനായത്. സ്‌കോര്‍: 2-6, 6-2, 12-10.

കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ബൊപ്പണ്ണ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുമെഴുതി. ഇതിന് മുമ്പ് ലിയാണ്ടര്‍ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഇന്ത്യക്കാര്‍.

Top