പാരീസ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടെന്നീസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവച്ചുവെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ് ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവച്ചിരിക്കുന്നത്. അതേസമയം മറ്റൊരു ഗ്രാന്റ്സ്ലാമായ വിംബിള്‍ഡണ്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത് മേയ് 18 മുതല്‍ ജൂണ്‍ ഏഴു വരെ ആയായിരുന്നു. എന്നാല്‍ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നേരത്തെ തീരുമാനിച്ച പ്രകാരം മത്സരം നടത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഇനി ഫ്രഞ്ച് ഓപ്പണ്‍ നടക്കുക സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലു വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ ആണ് വാര്‍ത്താക്കുറിപ്പിലൂടെ ടൂര്‍ണമെന്റ് നീട്ടിയ കാര്യം അറിയിച്ചത്.
ബുദ്ധിമുട്ടേറിയ, അതോടൊപ്പം ധീരമായ തീരുമാനമാണ് ഞങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സാഹചര്യം കൂടുതല്‍ മോശമായി മാറിയിരുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനു വേണ്ടി കൂട്ടായി പ്രവര്‍ത്തിച്ചേ തീരൂവെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാര്‍ഡ് ഗിയുഡിസെല്ലി വ്യക്തമാക്കി.