ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണവുമായി എത്തി. രാഷ്ട്രങ്ങള്‍ ഇസ്രയേലിനെ അല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്ന് നെതന്യാഹു പറഞ്ഞു. ‘ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും നടക്കും’- നെതന്യാഹു പറഞ്ഞു. ‘സ്വയം സംരക്ഷണത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു’ – ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

അതേ സമയം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് മാക്രോണ്‍ അഭിമുഖത്തിന് തുടക്കം കുറിച്ചത്. ‘ഞങ്ങള്‍ ഇസ്രയേലിന്റെ വേദനയില്‍ പങ്കുചേരുന്നു. ഭീകരതയെ തുടച്ചുനീക്കാനുള്ള അവരുടെ സന്നദ്ധതയും ഞങ്ങള്‍ പങ്കുവെക്കുന്നു. ഫ്രാന്‍സില്‍ തീവ്രവാദം എന്താണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഗാസയില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ക്ക് ഇതൊന്നും ന്യായീകരണമല്ല. നമ്മുടെ തത്വങ്ങള്‍ക്ക് നമ്മള്‍ പ്രധാന്യം നല്‍കണം. കാരണം നമ്മളെല്ലാം ജനാധിപത്യവാദികളാണ്. ഇസ്രയേലിന് സ്വയം സംരക്ഷണത്തിന് പ്രധാന്യം നല്‍കേണ്ടതുണ്ട്. അതോടൊപ്പം എല്ലാ ജീവനും പ്രധാനമാണെന്ന് തിരിച്ചറിയുകയും വേണം’ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

 

Top