ടെല്‍ അവീവ്: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ടെല്‍ അവീവില്‍ എത്തി. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മക്രോയുടെ സന്ദര്‍ശനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി മക്രോ ചര്‍ച്ച നടത്തും. ഇസ്രയേലിനുള്ള ഫ്രാന്‍സിന്റെ സമ്പൂര്‍ണ പിന്തുണ നെതന്യാഹുവിനെ അറിയിക്കുമെന്നും മക്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹമാസ് ഗാസയില്‍ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും മക്രോയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. മാത്രമല്ല, അതിരൂക്ഷമായി തുടരുന്ന സംഘര്‍ഷം യുദ്ധത്തിനു വഴിമാറാതിരിക്കാനുള്ള സമ്മര്‍ദ്ദ നീക്കങ്ങളും നടത്തുമെന്നാണ് വിവരം. നെതന്യാഹുവിനു പുറമെ ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്, ഇസ്രയേലിലെ മുതിര്‍ന്ന നേതാക്കളായ ബെന്നി ഗാന്റ്‌സ്, യയിര്‍ ലാപിഡ് എന്നിവരുമായും മക്രോ ചര്‍ച്ച നടത്തും.
സംഘര്‍ഷം കൊടുമ്പിരികൊള്ളുന്ന മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ മുന്നോട്ടു വയ്ക്കുമെന്നും മക്രോ അറിയിച്ചു. ഇസ്രയേല്‍ കരയുദ്ധത്തിനു മുന്നൊരുക്കം നടത്തവേ, ഗാസയിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുമെന്നും മക്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.