ഫ്രാന്‍സ്: ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തത്തെക്കുറിച്ച് ആശങ്ക പങ്കു വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിഷയം അന്താരാഷ്ട്ര പ്രതിസന്ധിയാണ്, ജി 7 ഉച്ചകോടിയില്‍ വിഷയം ഗൗരവതരമായി ചര്‍ച്ച ചെയ്യണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.ട്വിറ്ററിലൂടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയത്. ഞങ്ങളുടെ വീട് കത്തിയെരിയുന്നു എന്ന അടിക്കുറിപ്പോടെയാണ് ആമസോണ്‍ കാടുകള്‍ കത്തുന്ന ചിത്രം മാക്രോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
അന്തരീക്ഷത്തിലെ 20 ശതമാനം ഓക്സിജന്‍ പുറത്തുവിടുന്നത് ആമസോണ്‍ കാടുകളില്‍ നിന്നാണ്. അതിനാല്‍ തന്നെ അവിടെയുണ്ടാവുന്ന തീപിടുത്തങ്ങള്‍ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി.
മാക്രോണ്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിഷയം ഉപയോഗിക്കുകയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആരോപിച്ചു.രാഷ്ട്രീയ ലാഭം മാത്രമാണ് മാക്രോണിന്റെ ലക്ഷ്യമെന്ന് ബോല്‍സനാരോ കുറ്റപ്പെടുത്തി. ജി 7 രാജ്യങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടില്ല. അതിനാല്‍ തന്നെ ജി 7 ഉച്ചകോടിയില്‍ ആമസോണ്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പറയുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും ബോല്‍സനാരോ ആരോപിച്ചു.
Our house is burning. Literally. The Amazon rain forest – the lungs which produces 20% of our planet’s oxygen – is on fire. It is an international crisis. Members of the G7 Summit, let's discuss this emergency first order in two days! #ActForTheAmazon pic.twitter.com/dogOJj9big
— Emmanuel Macron (@EmmanuelMacron) August 22, 2019
അതേസമയം, ആമസോണ്‍ മഴക്കാടുകളെ അഗ്നിയില്‍ നിന്ന് രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളെത്തിയിരിക്കുകയാണ്. ബൊളീവിയന്‍ പ്രസിഡന്റെ ഇവോ മോറല്‍സിന്റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വെള്ളിയാഴ്ച മുതലാണ് യുഎസിന്റെ സൂപ്പര്‍ ടാങ്കറുകള്‍ ബൊളീവിയ-ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്നത്.
ബ്രസീല്‍, പാരാഗ്വെ അതിര്‍ത്തിയില്‍ മാത്രം ഇതുവരെ 360 കിലോ മീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.