പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെസിലെ അച്ചടക്ക നടപടികളിൽ പ്രതിഷേധിച്ച് ജപ്പാൻ താരം നവോമി ഒസാക്ക ടൂർണ്ണമെന്റിൽ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു .ആദ്യ റൗണ്ടിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തിന് മുമ്പും ശേഷവും സൂപ്പർ താരങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിക്കണമെന്ന നിബന്ധന ജപ്പാൻ താരം ഒസാക ലംഘിച്ചുവെന്നാണ് സംഘാടകരുടെ പരാതി.
ജപ്പാൻ താരം ഒസാക സഹകരിക്കാതിരുന്നതോടെ പിഴയൊടുക്കണമെന്ന തീരുമാനമാണ് ഫ്രഞ്ച് ഓപ്പൺ അധികൃതർ എടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഒസാക കിരീട പ്രതീക്ഷയു ണ്ടായിരുന്ന ടൂർണ്ണമെന്റിൽ നിന്നും പിന്മാറിയത്. ട്വിറ്ററിലൂടെയാണ് ഒസാക തന്റെ തീരുമാനം അറിയിച്ചത്. ആദ്യ റൗണ്ടിൽ ജയിച്ച ശേഷമാണ് ഒസാക തീരുമാനം എടുത്തത്.
‘താനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു അന്തരീക്ഷം സംഘാടകർ സൃഷ്ടിച്ചിരിക്കുന്നു. ടൂർണ്ണമെന്റിലെ നല്ല നടത്തിപ്പിനോ മറ്റ് താരങ്ങളുടെ മത്സരങ്ങളിൽ തടസ്സം നിൽക്കാനോ ആഗ്രഹമില്ല. ഇനി അടുത്ത ഒരു ടൂർണ്ണമെന്റിനായി പരിശീലനം നടത്തും. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറുകയാണ്’ ഒസാക ട്വീറ്റ് ചെയ്തു.
2018ലെ യു.എസ്.ഓപ്പണിലെ ചില അനുഭവങ്ങൾ എന്നെ വളരെ നിരാശയാക്കിയിരുന്നു. അതിനോട് ഇനിയും പൊരുത്തപെടാനായിട്ടില്ല. ഞാൻ സ്വയം എന്നിലേക്ക് തന്നെ ഒതുങ്ങുന്ന ഒരു പ്രകൃതമാണ്. അത് എന്നെ അറിയാവുന്ന എല്ലാവർക്കുമറിയാം. സ്വയം മറക്കാൻ എപ്പോഴും ഹെഡ്‌ഫോണിൽ പാട്ടുകേട്ടാണ് സഞ്ചരിക്കാറ്.
ടെന്നീസ് ലോകത്തെ മാദ്ധ്യമങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു. ഒപ്പം എന്നോട് സഹതാപം കാണിക്കണം. അധികം സംസാരിക്കുന്നയാളോ പൊതു പ്രസംഗം നടത്തുന്ന സ്വഭാവമോ എനിക്കില്ല. അത്തരം ഒരു നിർബന്ധത്തിനും വഴങ്ങാനും സാധിക്കില്ല. ചോദ്യങ്ങൾക്ക് നിങ്ങളാഗ്രഹിക്കുന്ന തരത്തിലുള്ള ഉത്തരം നൽകാനാകുമെന്ന് കരുതുന്നില്ല അതിനാലാണ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്താത്തതെന്നും ഒസാക കൂട്ടിച്ചേർത്തു.