ഗ്ലാസ്‌ഗോ : ലോകകപ്പിന് ശേഷം നടന്ന സൗഹൃദ ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ കരുത്തര്‍ക്ക് വിജയം. റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തു. റൊമേലു ലുകാകു, ഏദന്‍ ഹസാര്‍ഡ് എന്നിവരുടെ ഗോളുകള്‍ക്ക് പുറമേ മിഷി ബാത്ഷുവായിയുടെ ഇരട്ട ഗോളുമാണ് ബെല്‍ജിയത്തിന് മിന്നും ജയം സമ്മാനിച്ചത്.
മറ്റൊരു മത്സരത്തില്‍ കൊളംബിയ വെനസ്വേലയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 90-ാം മിനിറ്റില്‍ യിമ്മി ചാരയാണ് കൊളംബിയയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍വി ഏറ്റുവാങ്ങിയ ഉറുഗ്വ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തകര്‍ത്തത്. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളും ജോസ് ജിമിനസ്, ഗാസ്റ്റോണ്‍ പെരീരിയോ എന്നിവരുടെ ഗോളുമാണ് ഉറുഗ്വയ്ക്ക് വിജയമൊരുക്കിയത്.
മറ്റൊരു മത്സരത്തില്‍ ജമൈക്കയെ എതിരില്ലാത്ത രണ്ടു ഗോളിന് ഇക്വഡോര്‍ തോല്‍പ്പിച്ചു. 17-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് ഇക്വഡോര്‍ മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ റെനാറ്റോ ഇബാറയിലൂടെ ഇക്വഡോര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.