സഖ്യകക്ഷികളുടെ രോഷം, പാര്‍ട്ടിക്കുള്ളില്‍ ആശങ്കകള്‍; ട്രിപ്പിള്‍ ‘ഡോസില്‍’ കുരുങ്ങി ബിജെപി

ന്നിന് പകരം മൂന്ന് പൊല്ലാപ്പുകളാണ് ബിജെപി ഒറ്റയടിക്ക് എടുത്ത് തലയില്‍ വെച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പുറമെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളുമാണ് ഭരണപക്ഷത്തെ ശ്വാസംമുട്ടിക്കുന്നത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ ഈ ട്രിപ്പിള്‍ ‘ഡോസിന്’ എതിരായി മാറുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും, പോലീസ് നടപടികളില്‍ മരണങ്ങള്‍ സംഭവിക്കുകയും ചെയ്തത്. പോലീസ് എസ്പിയുടെ ‘പാകിസ്ഥാനിലേക്ക് പോകൂ’ പരാമര്‍ശം കൂടി വന്നതോടെ ബിജെപിക്ക് അകത്ത് നിന്ന് തന്നെ ഭിന്നസ്വരങ്ങള്‍ വന്നുതുടങ്ങി. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ ശബ്ദമാണ് ഇതില്‍ ഉയര്‍ന്നുകേട്ടത്.

ഇതിന് പുറമെയാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച സഖ്യകക്ഷികള്‍ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിലപാട് മാറ്റിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള 13 സഖ്യകക്ഷികളില്‍ 10 പേരെങ്കിലും നിലപാട് മാറ്റിയിട്ടുണ്ട്. രാജ്യത്ത് മുഴുവന്‍ എന്‍ആര്‍സി നടത്തുന്നതിനെ ചിലര്‍ പൂര്‍ണ്ണമായി തള്ളിയപ്പോള്‍ മറ്റുള്ളവര്‍ സിഎഎ നിലപാടാണ് മാറ്റി ചിന്തിച്ചത്.

ഇതില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയപരമായി സുപ്രധാനമാണ്. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയാണ് മറ്റൊരു പാര്‍ട്ടി. ശിരോമണി അകാലിദള്‍ ആണ് ബിജെപിയോട് എന്‍ആര്‍സിയില്‍ മുഖംതിരിച്ച് നില്‍ക്കുന്നത്. എന്‍ഡിഎ അംഗങ്ങള്‍ അല്ലാത്ത ബിജെഡിയും, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും എതിര്‍പ്പ് അറിയിച്ചതും ബിജെപിക്ക് തലവേദനയാണ്. ഇനി ഈ തലവേദന എങ്ങിനെ ഒഴിവാക്കുമെന്നത് സുപ്രധാനവുമാണ്.

Top