ലോക്‌സഭയിലെ ശിശു; എന്നിട്ടും കിംഗ് മേക്കറായി അമിത് ഷാ

പൗരത്വ ഭേദഗതി ബില്‍ 2019 ലോക്‌സഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച അമിത് ഷാ എന്ന ആഭ്യന്തര മന്ത്രി പാര്‍ട്ടിയുടെ കിംഗ് മേക്കറായിരുന്നു ഇതുവരെ. എന്നാല്‍ ലോക്‌സഭയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ അങ്കത്തിലാണ് ആരും തൊടാന്‍ ഭയപ്പെടുന്ന മേഖലകളില്‍ പോലും ബില്ലുകളും നിയമങ്ങളും പാസാക്കുന്നതെന്നാണ് സവിശേഷത.

ആദ്യ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംഘാടകനായി നിന്ന ബിജെപി അധ്യക്ഷന്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം കൂടിചേര്‍ത്താണ് വിജയനായകനായി വളര്‍ന്നത്. സര്‍ക്കാരിന്റെ സുപ്രധാന നയങ്ങളും, നിയമങ്ങളും തയ്യാറാക്കുന്ന സുപ്രധാന വ്യക്തിയായി അമിത് ഷാ മാറി. സര്‍ക്കാര്‍ പദവിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് രണ്ടാമനെങ്കിലും മോദിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ഷാ തന്നെയെന്നത് പരസ്യമായ രഹസ്യമാണ്.

17ാം ലോക്‌സഭയില്‍ ശിശുവായി പ്രവേശിച്ച അമിത് ഷാ സുപ്രധാന നിയമനിര്‍മ്മാണങ്ങളാണ് ഇതിനകം നടപ്പാക്കിയത്. തീവ്രവാദ വിരുദ്ധ ആക്ട് ശക്തിപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാരങ്ങള്‍ വിപുലമാക്കാനും, ജമ്മു കശ്മീരിന്റെ സവിശേഷ അധികാരങ്ങള്‍ റദ്ദാക്കി ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കാനും ഷാ മുന്നിട്ടിറങ്ങി. എസ്പിജി വിഭാഗത്തിന്റെ സുരക്ഷ പ്രധാനമന്ത്രിയും, കുടുംബത്തിനും അഞ്ച് വര്‍ഷത്തേക്ക് മാത്രമായി നിജപ്പെടുത്താനും അദ്ദേഹം ധൈര്യം കാട്ടി.

മൂന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും എത്തി അഭയാര്‍ത്ഥികളായി കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭ കടത്താന്‍ സാധിച്ചതും അമിത് ഷായുടെ മികവായാണ് നിരീക്ഷിക്കപ്പെടുന്നത്.

Top