പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് മുക്തി നേടി ജില്ലയായതിന് ശേഷം അപ്രതീക്ഷിതമായി രോഗികള്‍ വര്‍ധിച്ച് അതിതീവ്രമേഖലയായി പാലക്കാട് മാറിയതോടെ ആശങ്കയിലാണ് അതിര്‍ത്തി ജില്ലകള്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 30ല്‍ 28ഉം അതിര്‍ത്തി കടന്നുവന്നവരെന്നതിനാല്‍ ലോക് ഡൗണ്‍ ഇളവുകള്‍ കര്‍ശനമാക്കുകയാണ് ജില്ലാ ഭരണകൂടം.
ശരാശരി 1800 പേരാണ് അതിര്‍ത്തികടന്ന് ദിവസവും പാലക്കാട് വഴി കേരളത്തിലെത്തുന്നത്. രണ്ടാഴ്ചക്ക് മുമ്പ് കൊവിഡ് മുക്തമായ ജില്ലയാണ് പാലക്കാട്. പിന്നീട് ദിവസങ്ങള്‍ക്കകമാണ് 82 പോസിറ്റീവ് കേസുകളെന്ന സംഖ്യയിലേക്കെത്തുന്നത്. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസര്‍കോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോള്‍ സമൂഹവ്യാപനമെന്ന ഭീതികൂടിയുണ്ട്.
അതിര്‍ത്തി കടന്ന് ആളുകള്‍ ഇനിയും എത്തുമെന്നതും നിരീക്ഷണത്തിലുളള പലരും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതും ആണ് പ്രധാനവെല്ലുവിളി. അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 3 പേര്‍ക്ക് രോഗവ്യാപനം ഉണ്ടായതും, കഴിഞ്ഞദിവസത്തെ രണ്ടുപേരുടെ സമ്പര്‍ക്കത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് രോഗം പകര്‍ന്നതും കണക്കിലെടുത്താണ് സാമൂഹ്യവ്യാപനമെന്ന ഭീതിയിലേക്ക് ജില്ല നടന്നടുക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ നിലവില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്‍പ്പെടെുളള കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ പ്രായോഗികമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.