ഹോംമെയ്ഡ് ബിസ്‌ക്കറ്റ് എന്ന് കേട്ടിട്ടുണ്ടാകും എന്നാല്‍ ഹോം പ്രിന്റഡ് ബിസ്‌ക്കറ്റ് അത് അപൂര്‍വ്വമായിരിക്കും. തിരുവനന്തപുരം സിഎസ്‌ഐആര്‍-നിസ്റ്റ് (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി) വികസിപ്പിച്ച 3ഡി ഫുഡ് പ്രിന്റര്‍ മെഷീന്‍ വഴി ബിസ്‌ക്കറ്റ്, കേക്ക്, ചോക്‌ലേറ്റ് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രിന്റ് ചെയ്യാം. സിഎസ്‌ഐആര്‍ സ്ഥാപകദിനത്തോടനുബന്ധിച്ച് ഡല്‍ഹി പ്രഗതി മൈതാനത്ത് നടത്തിയ പ്രദര്‍ശനത്തിലാണ് 3ഡി ഫുഡ് പ്രിന്റിങ് ആകര്‍ഷണമായത്.
ചോക്‌ലേറ്റ് അടക്കമുള്ള നിലവില്‍ ഉണ്ടാക്കാന്‍ പലതരത്തിലുള്ള അച്ചുകള്‍ ആവശ്യമാണ്. എന്നാല്‍ ഇഷ്ടമുള്ള ഡിസൈന്‍ പ്രിന്ററിലേക്ക് നല്‍കിയാല്‍ ആ രൂപത്തില്‍ ഭക്ഷ്യവസ്തു തയാറാകും. പ്രിന്റ് ചെയ്ത ഭക്ഷ്യവസ്തു നിലവില്‍ പിന്നീട് ബേക്ക് ചെയ്യണം. എന്നാല്‍ ഭാവിയില്‍ ബേക്കിങ്ങും പ്രിന്ററില്‍ തന്നെ സാധ്യമാകും. 100 ഗ്രാം ചോക്‌ലേറ്റ് 3 മിനിറ്റുകൊണ്ട് പ്രിന്റ് ചെയ്യാം. വ്യക്തികളുടെ ഇഷ്ടമനുസരിച്ച് ഭക്ഷണത്തിന്റെ വലുപ്പം, നിറം, ആകൃതി, കനം അടക്കം നിശ്ചയിക്കാമെന്നതാണ് മെച്ചം. അകത്ത് ക്രീം നിറച്ച ബിസ്‌ക്കറ്റുകള്‍ വരെ പ്രിന്റ് ചെയ്യാം.
പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളുടെ ത്രീഡി പ്രിന്റിങ് നിലവിലുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ 3ഡി പ്രിന്റിങ് സാധാരണമല്ല. ഭക്ഷണത്തിന്റെ ഓരോ ഭാഗത്തും ഏതെല്ലാം തരത്തിലുള്ള ചേരുവകള്‍ ഏത് അനുപാതത്തില്‍ ഉണ്ടായിരിക്കണമെന്നും ഉറപ്പാക്കാം. സാധാരണ നിലയില്‍ പാകം ചെയ്യുമ്പോള്‍ ഇതുറപ്പാക്കാന്‍ കഴിയാറില്ല. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാനുള്ള കുഴച്ച മാവ്, ചീസ്, മൈക്രോന്യൂട്രിയന്റ്‌സ് അടക്കം ഏതും പ്രിന്ററില്‍ ഉപയോഗിക്കാം.