ന്യൂഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പുതിയ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നിര്‍ദേശിച്ചുകൊണ്ട് സിബിഡിടി ഉത്തരവിറക്കി.
പാന്‍ നമ്പരുമായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണം. പാന്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടന്‍ ഇന്‍കം ടാക്‌സ് അധികൃതരെ ആധാര്‍ നമ്പര്‍ അറിയിക്കണമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിര്‍ദേശത്തില്‍ പറയുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞദിവസം ഭാഗിക സ്റ്റേ ചെയ്തിരുന്നു.
ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ആധാര്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കുന്നതു വരെ ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്ന ഉത്തരവ് നിലനില്‍ക്കുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ആധാര്‍ കാര്‍ഡുള്ളവര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ എഴുതിച്ചേര്‍ത്തു. ഇതിനുപിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാരിന്റെ വിവിധ ക്ഷേമ, സബ്‌സിഡി പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതു നിയമ വിധേയമാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം 2015 ഓഗസ്റ്റ് 11നു സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.
ആധാര്‍ വ്യക്തികളുടെ സ്വകാര്യത (ഭരണഘടനയുടെ 21-ാം അനുച്ഛേദം) ലംഘിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കുന്നതു വരെ ആധാര്‍ ഔദ്യോഗിക രേഖയായി പരിഗണിക്കാനാവില്ലെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മണി ബില്ലായി ആധാര്‍ നിയമവിധേയമാക്കിയതിനെത്തുടര്‍ന്നാണ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്നും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയും ആദായ നികുതി നിയമത്തില്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേ സിപിഐ നേതാവ് ബിനോയി വിശ്വം അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിച്ചത്.