തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പരിപൂർണ സുരക്ഷാചുമതല ഇനിമുതൽ സിഐഎസ്എഫിന്. സമരക്കാർ സെക്രട്ടേറിയറ്റിൽ കടന്ന സാഹചര്യത്തിലാണ് തീരുമാനം. 200 പേരടങ്ങുന്ന സിഐഎസ്എഫ് സംഘത്തിന് സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതല നൽകി സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പുതിയ തീരുമാനം വരുന്നതോടെ നിലവിൽ ഡ്യൂട്ടിയിലുള്ള വിമുക്തഭടന്മാരെ സുരക്ഷാജോലിയിൽ നിന്നും ഒഴിവാക്കും.സെക്രട്ടേറിയറ്റിന്റെ നാലു കവാടങ്ങള്‍ക്കു പുറമെ കോമ്പൗണ്ടിലും സിഐഎസ്എഫിന്റെ സുരക്ഷയുണ്ടാകും. സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സമരം നടത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് നടപടി.