From the position of police chief dismissed a petition filed by senkumar

കൊച്ചി: പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി.

സ്ഥാന മാറ്റത്തിന് പുറമേ ശമ്പളത്തില്‍ മാറ്റം വന്നെന്ന സെന്‍കുമാറിന്റ ആവശ്യം സി.എ.ടി പരിഗണിച്ചു.സെന്‍കുമാറിന്റെ ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തരുതെന്ന് സി.എ.ടി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഡിജിപി പദവി നിര്‍ണായക പദവിയാണെന്നും ആ തസ്തികയില്‍ നിയമനം നടത്താന്‍ സര്‍ക്കാരിന് പൂര്‍ണ്ണ അധികാരമുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധികളുണ്ടെന്നും ട്രിബ്യുണല്‍ ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ മെമ്പര്‍ എന്‍ കെ ബാലകൃഷ്ണനും അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ പത്മിനി ഗോപിനാഥും അടങ്ങിയ ബെഞ്ചാണ് കേസ് കേട്ടത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് ഹാജരായി.

അഖിലേന്ത്യ സര്‍വീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് ഹര്‍ജിയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടു വര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്നാണ് ചട്ടം.

ഇതിന് വിരുദ്ധമായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ഇത് തരംതാഴ്ത്തലാണെന്നും സെന്‍കുമാര്‍ വാദിച്ചിരുന്നു. ടി.പി സെന്‍കുമാറിനെ മാറ്റിയ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും ജിഷ കൊലക്കേസിലും പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ സെന്‍കുമാര്‍ ജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ പ്രതിച്ഛായ മോശമാക്കി എന്നും സര്‍ക്കാര്‍ ട്രിബ്യൂണലില്‍ വാദിച്ചു.

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്.

ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

Top