തീവ്രവാദ ക്യാമ്പുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി വര്‍ഷങ്ങളോളം ജയിലില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി

ശ്രീനഗര്‍: മുഹമ്മദ് ഫറൂക്ക് ഖാന്‍, 1970ല്‍ ജനനം. പാക്കിസ്ഥാനില്‍ ആര്‍മി ട്രെയ്‌നിംഗ് ലഭിക്കുന്നതിനു വേണ്ടി അതിര്‍ത്തി കടക്കുന്ന നൂറുകണക്കിന് യുവാക്കളില്‍ ഒരാളായിരുന്നു മുഹമ്മദ് ഫറൂക്ക് ഖാന്‍. 1990ല്‍ അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടില്‍ അംഗമായി. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്രം വേണമെന്നുള്ളതാണ് ഇവരുടെ ആവശ്യം.

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഇത്തവണത്തെ കശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടാന്‍കിപോറയില്‍ നിന്നും ജനവിധി തേടുകയാണ് അദ്ദേഹം!. മറ്റുള്ള പാര്‍ട്ടികളെല്ലാം ഇവിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതിനാല്‍ ഖാന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

ശ്രീനഗറിലെ ഹിന്ദു ഹൈസ്‌ക്കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശ്രീ പ്രതാപ് സിംഗ് കോളേജില്‍ നിന്നും ഡിഗ്രിയും പൂര്‍ത്തിയാക്കി. ആര്‍മിയില്‍ ചേരുക എന്നത് വലിയ അഭിമാനമായി അന്ന് എല്ലാവരും കരുതിപ്പോന്നു. അങ്ങനെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ഖാന്‍ അതിര്‍ത്തി ലംഘിച്ചു.

ആസാദ് കശ്മീരിലായിരുന്നു മിക്ക പരിശീലന ക്യമ്പുകളും. എകെ 47 അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കേണ്ട വിധം അവിടെ നിന്നും പഠിച്ചു. 1991ല്‍ പിടിക്കപ്പെട്ടു. വലിയ പീഢനങ്ങളാണ് ആ ദിനങ്ങളില്‍ നേരിടേണ്ടി വന്നത്. താന്‍ പുരുഷനാണോ സ്ത്രീയാണോ എന്നു പോലും മറന്നു പോയ തരത്തിലുള്ള പീഢനങ്ങള്‍ ഉണ്ടായെന്ന് ഫറൂക്ക് ഖാന്‍ പറയുന്നു. ഇലക്ട്രിക് ഷോക്ക് നല്‍കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു രീതി. കടുത്ത നടപടിക്രമങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷം അദ്ദേഹത്തെ ജയിലിലേയ്ക്ക് അയച്ചു. കോട്ട് ബല്‍വാല്‍ ജയിലിലും തീഹാറിലുമായി ഏഴര വര്‍ഷം തടവു ശിക്ഷ അനുഭവിച്ചു.

ജെയ്ഷ്-ഇ-മുഹമ്മദ് നേതാക്കളുമായും ഹര്‍കട്-ഉള്‍-മുജാഹിദ്ദീന്‍ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വലിയ പീഢനങ്ങളാണ് ഖാനും കുടുംബവും അനുഭവിച്ചത്. ഐസ്‌ക്രീം വില്‍പ്പന മുതല്‍, ഓട്ടോ ഓടിക്കുന്ന ജോലികള്‍ വരെ അദ്ദേഹം ഒറ്റയ്ക്ക് ചെയ്തു. തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ച് സാധാരണക്കാരനായിട്ടാണ് അദ്ദേഹം പിന്നീട് ജീവിച്ചത്. 2002ല്‍ വിവാഹിതനായി. പിന്നീട് അദ്ദേഹം ജമ്മു-കശ്മീര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ രൂപീകരിക്കുകയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ വഴിയാണ് ബിജെപിയില്‍ എത്തുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് അദ്ദേഹം ഖുറാന്‍ സമ്മാനിക്കുകയും ചെയ്തിരുന്നു.

Top