കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശന തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എടുക്കുമെന്ന് ജോസ് കെ. മാണി എംപി. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്‌വളരെ വേഗത്തില്‍ തന്നെ ഒരു രാഷ്ട്രീയ നിലപാട് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ വിപ്പ് ലംഘനം ചര്‍ച്ച ചെയ്തു. വിപ്പ് ലംഘിച്ചവര്‍ക്ക് എതിരെ അയോഗ്യതാ നടപടി എടുക്കണമെന്നാണ് തീരുമാനം. സ്പീക്കര്‍ക്ക് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കേരളാ കോണ്‍ഗ്രസ് എം സജ്ജമാണ്. കാലങ്ങളായി കേരളാ കോണ്‍ഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള അവകാശവും കേരളാ കോണ്‍ഗ്രസിന് തന്നെയാണ്. എന്ത് അടിസ്ഥാനത്തിലാണ് പി.ജെ. ജോസഫ് കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാന്‍ കഴിയില്ല. ജോസഫ് ഏകപക്ഷീയമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഏത് ചിഹ്നത്തിലും മേല്‍വിലാസത്തിലും മത്സരിക്കുമെന്ന് അറിയണം. പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുന്നു. ജോസഫിന്റേത് തോറ്റ് തുന്നംപാടിയവന്റെ വിലാപമെന്നും ജോസ് പരിഹസിച്ചു.