തൊടുപുഴ: ഇടുക്കി ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ചെറുതോണിക്ക് സമീപം ഉപ്പുതോടില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടിയാണ് നാല് പേര്‍ മരിച്ചത്. അയ്യന്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായില്ല.
അതേസമയം, ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ്. കുമളി, കട്ടപ്പന, ചെറുതോണി, പീരുമേട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.56 അടിയായിട്ടുണ്ട്. സെക്കന്‍ഡില്‍ 1.097 ലക്ഷം ലിറ്റര്‍ വെള്ളമാണ് നീരൊഴുക്ക്. പുറത്തേക്കൊഴുക്കുന്നത് സെക്കന്‍ഡില്‍ 1.03 ലക്ഷം ലിറ്റര്‍ വെള്ളം.
കട്ടപ്പന വെള്ളയാംകുടിയിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇന്നു പുലര്‍ച്ചെ 1.15നുണ്ടായ ഉരുള്‍പൊട്ടലില്‍ 15 കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബസുകള്‍ മണ്ണിനടിയില്‍പ്പെട്ടു. ആറ് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.