ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റവും അറസ്റ്റും പ്രതിഷേധം ശക്തമാക്കിയിരിയ്‌ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രാജ്യത്തെ 40 കേന്ദ്രസര്‍വകലാശാലകളിലെ അദ്ധ്യാപകര്‍ രംഗത്ത്.
പൂനെ ഫിലിം ഇന്റസ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജെ.എന്‍.യുവില്‍ പ്രക്ഷോഭരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും തങ്ങളുടെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഫെഡറേഷന്‍ ഒഫ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദിത നാരായണ്‍ വ്യക്തമാക്കി. ഹൈദരാബാദ് സര്‍വകലാശാലയടക്കം 40 സര്‍വകലാശാലകളാണ് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹപരമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭരണഘടനയ്‌ക്കെതിരെയല്ല ഭരണകൂടത്തിനെതിരെയാണ് അവര്‍ പ്രതിഷേധിച്ചതെന്നും നന്ദിത നാരായണ്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പൊലീസ് അതിക്രമം അംഗീകരിയ്ക്കാനാവില്ല. ജെ.എന്‍.യു പതിറ്റാണ്ടുകളായി മികവിന്റെ കേന്ദ്രമായി നിലനില്‍ക്കുകയാണ്. രാജ്യത്ത് നടക്കുന്ന ഓരോ സംഭവവികാസങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ അവര്‍ നിരന്തരം പ്രതികരിയ്ക്കാറുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം തുടങ്ങിയവയ്‌ക്കെല്ലാം ജെ.എന്‍.യുവിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നുവെന്ന് നന്ദിത ഓര്‍മ്മിപ്പിച്ചു.
ഇന്ന് ജെ.എന്‍.യുവാണ്. നാളെ അത് ഇന്ത്യയിലെ ഏത് സര്‍വകലാശാലയുമാകാം. എതിര്‍സ്വരങ്ങള്‍ ദേശവിരുദ്ധതയായി മുദ്ര കുത്തപ്പെടുന്നത് സമൂഹത്തിനാകെ വളരെ അപകടകരമായ സംഗതിയാണെന്ന് ലക്‌നൗ അംബേദ്കര്‍ സര്‍വകലാശാലയിലെ ഒരു അദ്ധ്യാപകന്‍ പറഞ്ഞു. ഇത്തരത്തില്‍ ഹോസ്റ്റലിലും മറ്റും അതിക്രമിച്ച് കടന്ന് റെയ്ഡ് നടത്താന്‍ പൊലീസിനെ ഒരു സര്‍വകലാശാലയും വിദ്യാഭ്യാസ സ്ഥാപനവും അനുവദിയ്ക്കരുതെന്നും അംബേദ്കര്‍ സര്‍വകലാശാല അദ്ധ്യാപകര്‍ അഭിപ്രായപ്പെട്ടു.
ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിയ്ക്കുന്നതായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഹരിശങ്കര്‍ നാച്ചിമുത്തു അറിയിച്ചു. എതിര്‍ക്കുന്നവരെ പീഡിപ്പിയ്ക്കുകയും ദ്രോഹിയ്ക്കുകയും ചെയ്യുന്ന നടപടികളുമായി അവര്‍ മുന്നോട്ട് പോവുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.