ഇന്ധനവിലക്കയറ്റം; എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം 30 ന്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ കേരളം ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധം ഈ മാസം 30ന് നടക്കും. ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിഷേധത്തില്‍ 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടക്കും. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും സമരമെന്നും വിജയരാഘവന്‍ അറിയിച്ചു.

കൊവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സര്‍ക്കാരും ബി ജെ പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണക്കമ്പനികളില്‍ നിന്നും കോടികളാണ് ബി ജെ പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top