ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നിയന്ത്രണമുണ്ടായില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യോഗാ ഗുരുവും ‘പതഞ്ജലി’ ഉടമയുമായ ബാബാ രാംദേവ്.
ഇന്ധന വിലയുടെ വര്‍ധനവ് പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും സര്‍ക്കാര്‍ നികുതി എടുത്തു കളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കുമെന്നും രാംദേവ് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും രാംദേവ് വ്യക്തമാക്കി.
വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ എന്തു ചെയ്യണമെന്ന് മോദിക്ക് അറിയാം. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.