ഇന്ധനവില വില കൂട്ടാതെ എണ്ണക്കമ്പനികള്‍; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്ന് സൂചന

fuel price

ന്യൂഡല്‍ഹി: ഇന്ധനവിലവര്‍ധനവില്‍ അപ്രഖ്യാപിത നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ദൈനംദിന വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയെന്നാണ് സൂചന. ആഗോള വിപണയില്‍ എണ്ണവില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയിട്ടില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് സൂചന.

വിലകൂട്ടരുതെന്ന് സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ധന വില കുതിച്ചുയരുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്. അന്ന് റെക്കോര്‍ഡ് വിലവര്‍ധനക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

24ന് ശേഷം ആറ് ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം ആഗോള വിപണയില്‍ ഈ ദിവസങ്ങളില്‍ എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്. മെയ് 12നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.

Top