കൊച്ചി: ഇന്ധന വില റെക്കോര്‍ഡ് നിലയിലേയ്ക്ക്. പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി മാറുന്ന സംവിധാനം നിലവില്‍ വന്നതോടെ എണ്ണക്കമ്പനികള്‍ നിയന്ത്രണമില്ലാതെ വിലക്കൂട്ടുകയാണ്. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയുമാണ് എണ്ണവില കൂടാന്‍ കാരണമാകുന്നത്.
ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് പെട്രോള്‍ ലിറ്ററിന് 74.90 രൂപയും ഡീസലിന് 66.85 രൂപയുമായിരുന്നു വില. ഏഴ് മാസത്തെ പെട്രോള്‍, ഡീസല്‍ വിലകളില്‍ യഥാക്രമം 7.97 രൂപയുടെയും 8.57 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ഓട്ടോ, ടാക്‌സി, ബസ് യാത്രാ നിരക്കുകളും ലോറി വാടകയും കൂട്ടണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന നികുതി കുറയ്ക്കണമെന്ന് കേന്ദ്രവും കേന്ദ്ര നികുതി ആദ്യം കുറയ്ക്കട്ടെയെന്ന് സംസ്ഥാനവും വാദിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതമാണ് ദുരിതത്തിലാകുന്നത്.