ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവ് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ദീര്‍ഘകാല പരിഹാരമാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും, ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്ധനവില നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനം എടുത്തേക്കുമെന്നായിരുന്നു വിവരം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒമ്പത് തവണയാണ് പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കൂട്ടിയത്.