ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും മാറ്റമില്ലാതെ ഇന്ധനവില

fuel-pump

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ് രണ്ട് ദിവസമാകുമ്പോഴും ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും കാഴ്ചക്കാരായി നില്‍ക്കുകയാണ് ഇന്ത്യയിലെ പൊതുമേഖലാസ്വകാര്യമേഖലാ എണ്ണക്കമ്പനികള്‍. വില കുറയ്ക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും എണ്ണക്കമ്പനികള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടുമില്ല.

നേരത്തെ പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കൊവിഡ് ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 82 ഡോളറില്‍ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു.

നവംബര്‍ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റിയത്. ഇന്ന് ദില്ലിയില്‍ 103.97 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 94.14 രൂപയാണ് വില. മുംബൈയില്‍ 109.98 രൂപയാണ് പെട്രോളിന്. ഡീസലിന് 94.14 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 93.47 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ദിവസവും വില വര്‍ധിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ആ നിലയ്ക്ക് ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ പെട്രോളിനും ഡീസലിനും വില കുറയേണ്ടതുമാണ്. എന്നാല്‍ ഇത്തരത്തില്‍ വില കുറയാത്തത് രാജ്യത്തെ വിലക്കയറ്റത്തിന്റെ പിടിയില്‍ നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയാണ്.

Top