തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധനവില വര്‍ധിച്ചു; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് മന്ത്രി എ കെ ശശീന്ദ്രന്‍ കത്തയച്ചത്. വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കത്തിലെ ആവശ്യം. കൊവിഡിനൊപ്പം ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.

ഒരാഴ്ചക്കിടെ രാജ്യത്ത് പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ, വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങള്‍. കൊവിഡ് കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റമുണ്ടാക്കുന്നത് ഇരട്ടി ദുരിതം നല്‍കുന്നതാണെന്ന് കത്തില്‍ പറയുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവമായണ് ഇന്ധന വില കൂടിയത്. പെട്രോളിന് 59 പൈസ് കൂടി ലിറ്ററിന് 75 രൂപക്ക് മുകളിലെത്തി. ഡീസലിന് 55 പൈസയാണ് വര്‍ധിച്ചത്.

സംസ്ഥാനത്ത് ഡീസല്‍ വില 70 രൂപയിലേക്ക് അടുക്കുകയാണ്. ലോക്ഡൗണിന് ശേഷം ഓട്ടോ ടാക്‌സി സര്‍വ്വീസുകള്‍ സജീവമാകുന്നതെ ഉള്ളൂ. രണ്ട് മാസത്തെ വരുമാനനഷ്ടത്തിന് ശേഷം എത്തിയ തൊഴിലാളികള്‍ക്ക് ഇന്ധന വില വര്‍ധനവ് താങ്ങാനാകുന്നില്ല. അതോടെ, ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് ഉള്‍പ്പടെ കൂട്ടണമെന്ന ആവശ്യം ഇതിനൊപ്പം ഉയര്‍ന്ന് വരികയാണ്. അന്താരാഷ്ട്ര വിപണിയില്‍ 38 ഡോളറാണ് ക്രൂഡ് ഓയില്‍ വില. നിരക്ക് കുറഞ്ഞാലും ഗുണം ഉപഭോക്താവിന് കിട്ടുന്നില്ല.

Top