ഇന്ധന നികുതി; സംസ്ഥാനം 6 വര്‍ഷമായി കൂട്ടിയിട്ടില്ല: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാത്തതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതി കുറച്ചതിന് പിന്നലെ കേരളവും കുറച്ചെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനം ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി വര്‍ധിപ്പിച്ചവര്‍ തന്നെ കുറയ്ക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

സര്‍ചാര്‍ജിന്റെ പേരില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 13 തവണയാണ് നികുതി വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയില്‍ എത്തിയതും ധനമന്ത്രി പരിഹസിച്ചു. സൈക്കിളും കാളവണ്ടിയും പോകേണ്ടത് ഡല്‍ഹിയില്‍ ആണ്. പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു.

അതേസമയം സംസ്ഥാനത്ത് നടക്കുന്നത് നികുതി ഭീകരതയാണെന്ന് കെ ബാബു എം എല്‍ എ ആരോപിച്ചു. കേന്ദ്രം ഇന്ധന വില കുറയ്ക്കരുതേ എന്നാണ് സംസ്ഥാന ധനമന്ത്രിയുടെ മനസിലിരുപ്പ്. അപകടത്തില്‍ മരിച്ചവരുടെ മോതിരം അടിച്ചുമാറ്റുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Top