ഇംഗ്ലണ്ട് താരങ്ങളെല്ലാം കോവിഡ് നെഗറ്റീവ്; നാളെ മുതല്‍ ടീം പരിശീലനത്തിൽ

ചെന്നൈ: ഫെബ്രുവരി ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി ചെന്നൈയിലെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ കോവിഡ് ടെസ്റ്റ് പൂര്‍ത്തീകരിച്ചു. എല്ലാ താരങ്ങളും കോവിഡ് നെഗറ്റീവാണ്. ഇതോടെ നാളെ മുതല്‍ ടീം പരിശീലനത്തിലേര്‍പ്പെടും. ആറുദിവസത്തെ ക്വാറന്റീനിനുശേഷമാണ് ടീം അംഗങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരായത്. മൂന്നാം തവണയാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയശേഷം ടെസ്റ്റിന് വിധേയരാകുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരം കളിച്ച ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ നേരിട്ട് ഇന്ത്യയിലെത്തുകയായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ പങ്കെടുക്കാത്ത ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ്, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ ഇംഗ്ലീഷ് താരങ്ങള്‍ നേരത്തേ ഇന്ത്യയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ഇന്ത്യയുമായി നാല് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ഏകദിനത്തിലും അഞ്ച് ട്വന്റി 20 മത്സരങ്ങളിലുമാണ് ഇംഗ്ലണ്ട് ടീം കളിക്കുക.

Top