ചെന്നൈ: സുപ്രീം കോടതി വിധിയും തമിഴ്നാട് മുഖ്യമന്ത്രി ആരാവണമെന്നത് സംബന്ധിച്ച നിർണ്ണായക വിധിയും വരാനിരിക്കെ തമിഴ്നാട്ടിലെങ്ങും പൊലീസ് വൻ സുരക്ഷ ഏർപ്പെടുത്തി.
ചെന്നൈ നഗരത്തിൽ മാത്രം 15000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൊത്തത്തിൽ 1,12,000 പോലീസുകാരെയാണ് ക്രമസമാധാന ചുമതലയിൽ നിയോഗിച്ചിരിക്കുന്നത്. ക്രിമിനൽ കേസുകളിലടക്കം പ്രതികളായ നിരവധി പേർ ഇപ്പോൾ തന്നെ പൊലീസിന്റെ കരുതൽ തടങ്കലിലാണ്.
പൊലീസുകാരുടെ അവധി റദ്ദാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും രംഗത്തിറക്കിയിട്ടുണ്ട്.
റെഡ് അലർട്ടിന് സമാനമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത്. സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ഗവർണ്ണറുമായും കാവൽ മുഖ്യമന്ത്രിയുമായും ഡിജിപി ചർച്ച ചെയ്തു.
ശശികലക്ക് എതിരായി കോടതി വിധി ഉണ്ടായാൽ വ്യാപക ആക്രമണമുണ്ടാകുമെന്ന് കണ്ടാണ് പൊലീസിന്റെ മുൻകരുതൽ.