ഇന്ത്യക്ക് കിരീടം നേടി തന്ന കൈറ്റ് ടീമിന് പൂർണ്ണ പിന്തുണയെന്ന്‌ സ്പോട്സ് കൗൺസിൽ

തിരുവനന്തപുരം: ചൈനയില്‍ നടന്ന ലോക പട്ടം മത്സരത്തില്‍ പരമ്പരാഗത പട്ടം പറത്തല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളികള്‍ നേതൃത്ത്വം നല്‍കുന്ന വണ്‍ ഇന്ത്യന്‍ കൈറ്റ് ടീമിനെ അഭിനന്ദിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍.

ഇവര്‍ക്ക് എല്ലാവിധ പോത്സാഹനവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അസോസിയേഷനും, ജില്ലകളിലും സംസ്ഥാന അടിസ്ഥാനത്തിലും രണ്ടോ മൂന്നോ വര്‍ഷത്തെ മത്സരം നടത്തിയ പരിചയവും ഉണ്ടെങ്കില്‍ സാമ്പത്തിക സഹായമുള്‍പ്പെടെ മറ്റ് എല്ലാ സഹായങ്ങളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും ടൂറിസവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെങ്കില്‍ പോലും കേരളത്തില്‍ ഇതിന് എല്ലാവിധ പോത്സാഹനവും നല്‍കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പാലത്തിങ്ങല്‍ സ്വദേശി മുബഷീറിന്റെ നേതൃത്ത്വത്തിലുള്ള കൈറ്റ് ടീമാണ് 109 രാജ്യങ്ങള്‍ പങ്കെടുത്ത ലോക പട്ടം പറത്തലില്‍ കിരീടം ചൂടിയിരുന്നത്.

ഗുജറാത്ത് സ്വദേശികളായ നിതേഷ് ലെക് ,ധ്വാനി, വിക്കി വഖാരിയ, മലയാളികളായ മുഹമ്മദ് മൂസ, അബ്ദുള്ള മാളിയേക്കല്‍ എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യ കപ്പടിക്കുന്നത്.

അഞ്ച് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. അഞ്ചില്‍ മൂന്ന് വിഭാഗങ്ങളില്‍ മാത്രമാണ് ഇന്ത്യ മത്സരിച്ചിരുന്നത്. അടുത്ത വര്‍ഷം മുതല്‍ എല്ലാ വിഭാഗത്തിലും മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുബഷീര്‍ വ്യക്തമാക്കി.

ഇന്ത്യക്ക് ഒന്നാം സ്ഥാനം നേടി തന്ന പട്ടം ഇന്ത്യന്‍ ടീമിലെ ഗുജറാത്തി കൈറ്റര്‍ നിതീഷ് പട്ടേല്‍ ഡിസൈന്‍ ചെയ്തതാണ്. ഈ പട്ടമിപ്പോള്‍ ചൈനയിലെ കൈറ്റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

വെറും വിനോദം എന്നതിലുപരി ഏകാഗ്രതക്കും മാനസികാരോഗ്യത്തിനും പട്ടം പറത്തല്‍ നല്ലതാണെന്നതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പട്ടം പറത്താന്‍ അവസരമൊരുക്കാന്‍ കായിക വകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്‍കൈ എടുക്കണമെന്നും വണ്‍ ഇന്ത്യ കൈറ്റ് ടിം ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച അന്‍പതിലേറെ പേര്‍ പങ്കെടുത്ത പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചപ്പോള്‍ അവര്‍ക്കത് മറക്കാനാവാത്ത അനുഭവമായി മാറിയിരുന്നു.

ഇതേ രൂപത്തില്‍ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കുറ്റിപ്പുറത്തെ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കുവേണ്ടി കുറ്റിപ്പുറം പുഴയോരത്ത് പട്ടം പറത്തല്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട്.

Top