സൈനികരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; നിയമഭേദഗതി വേണമെന്ന്..

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ 33-ാം വകുപ്പനുസരിച്ച് മൗലികാവകാശങ്ങള്‍ ചില വിഭാഗങ്ങള്‍ക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. കര-വ്യോമ-നാവിക സേന വിഭാഗങ്ങള്‍ക്കും പൊലീസ് ഉദ്യാഗസ്ഥര്‍ക്കും മറ്റ് പാരാമിലിറ്ററി വിഭാഗത്തിനും ഈ വകുപ്പ് ബാധകമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാന പരിപാലനത്തിനും ഇത് അത്യാവശ്യമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരുടെ അവകാശങ്ങള്‍ നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റിന് അധികാരം നല്‍കിയിരിക്കുന്നത്. സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ ഇന്റലിജന്‍സ് വിഭാഗത്തിനും അവരുടെ ആശയ വിനിമയ വിഭാഗത്തിനും 33-ാം വകുപ്പ് ബാധകമാണ്.

ഇതനുസരിച്ച് പാര്‍ലമെന്റ് പല കാര്യങ്ങളിലും നിയന്ത്രണം കൊണ്ടു വരുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തി. അതനുസരിച്ച് 1950 ആര്‍മി ആക്ടും എയര്‍ഫോഴ്‌സ് ആക്ടും ഭേദഗതി ചെയ്തു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്രം, സംഘം ചേരാനുള്ള സ്വാതന്ത്രം, അസോസിയേഷനുകള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്രം എന്നിവയെല്ലാം സൈനിക വിഭാഗങ്ങള്‍ക്ക് അപ്രാപ്യമാണ്. നേവി ആക്ടിന്റെ 12-ാം വകുപ്പില്‍ നാവിക സേനാവിഭാഗത്തിനും സമാനമായ കാര്യങ്ങള്‍ ബാധകമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയും ഇതിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അച്ചടക്കമുള്ള സംവിധാനത്തിന് ഇത് ആവശ്യമാണെന്നായിരുന്നു കോടതിയുടെയും നിലപാട്.

എന്നാല്‍, ഉദ്യോഗക്കയറ്റം, പെന്‍ഷന്‍, പോസ്റ്റിംഗ്, മറ്റ് അലവന്‍സുകള്‍ എന്നിവ ലഭിക്കുന്ന കാര്യത്തില്‍ ഈ നിയമം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് ഇപ്പോഴത്തെ ആരോപണം. സുപ്രീംകോടതിയിലും ഇതു സംബന്ധിച്ച് നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു പട്ടാളക്കാരന്‍ ആദരിക്കപ്പെടേണ്ടത് അവരുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്ന് അടുത്തിടെ ഒരു കേസില്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ആധുനികമായ ഉപകരണങ്ങളും ആവശ്യമായ സജ്ജീകരണങ്ങള്‍ ഇവര്‍ക്ക് നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി പ്രസ്ഥാവനയില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി വളരെയധികം പഠനങ്ങളിലൂടെ ഉണ്ടാക്കിയെടുത്തതാണ് ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍. നീതി ലഭിക്കാന്‍ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ടെന്ന് ആര്‍ട്ടിക്കില്‍ 14, ആര്‍ട്ടിക്കിള്‍ 21 മുന്‍നിര്‍ത്തി സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.

32-ാം വകുപ്പ് ഒരു തരത്തിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കരുതെന്നും നിയമത്തെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും സുപ്രീംകോടതി 1964ലെ രാം സറുപ് കേസില്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പാര്‍ലമെന്റ് നിയമ വശങ്ങളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വളരെ ചെറിയ നിയന്ത്രണങ്ങള്‍ ഒഴിച്ച് സൈനികര്‍ക്കും മറ്റ് ആളുകളെപ്പോലെ എല്ലാത്തരത്തിലുമുള്ള മൗലിക അവകാശങ്ങള്‍ നല്‍കണമെന്നാണ് അജയ് ഹസിയ കേസിലും സുപ്രീം കോടതി പരാമര്‍ശം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം രംഗത്ത് വന്നിരിക്കുന്നത്.

Top