നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സുമിന്റെ കബറടക്കം ഇന്ന് നടക്കും

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യയുടെ മൃതദേഹം കബറടക്കത്തിനായി ലാഹോറിലെത്തിച്ചു. മൃതദേഹം ഇന്ന് കബറടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു നാളായി ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ തൊണ്ടയിലെ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു കുല്‍സും. നവാസിന്റെ രാജിയെത്തുടര്‍ന്ന് 2017ല്‍ എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനില്‍ ചികിത്സയിലായതിനാല്‍ കുല്‍സുമിനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന നവാസ് ഷരീഫിന്റെയും, മകള്‍ മറിയത്തിന്റെയും, പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടിയിരുന്നു. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.

ഷെരീഫ് കുടുംബം അഞ്ചു ദിവസത്തെ പരോളിനാണ് അനുമതി ചോദിച്ചിരുന്നത്. ഇപ്പോള്‍ 3 ദിവസത്തിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ പരോള്‍ കാലാവധി അവസാനിക്കും. ശവസംസ്‌കാരം വൈകിയാല്‍ പരോള്‍ നീട്ടുമെന്ന് സൂചനയുണ്ടായിരുന്നു.

Top