കണ്ണൂര്‍: ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന് വിട നല്‍കി നാടും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്ക് കാണാന്‍ കാത്തു നിന്നത്. ഇടുക്കിയില്‍ നിന്നും വിലാപ യാത്രയായി എത്തിയ മൃതദേഹം ജില്ലാ അതിര്‍ത്തിയായ മാഹി പാലത്തില്‍ വെച്ച് ജില്ലയിലെ നേതാക്കള്‍ ഏറ്റുവാങ്ങി.
വിലാപയാത്ര കടന്നു വന്ന നിരവധി സ്ഥലങ്ങളില്‍ നൂറു കണക്കിന് പേര്‍ ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തു നിന്നിരുന്നു. പുലര്‍ച്ചെ 12 അരയോടെ സി പി എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ച മൃതദേഹം തൃച്ചംബരത്തെ വീട്ടിലേക്ക് കൊണ്ടു പോയി.
ഇടുക്കിയില്‍ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും അഞ്ച് മണിക്കൂറിലേറെ വൈകിയാണ് ജന്മനാട്ടിലെത്തിയത്. രാത്രി വൈകിയെങ്കിലും നൂറുകണക്കിന് പേര്‍ ധീരജിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പൊതുദര്‍ശനത്തിനും അന്ത്യാഭിവാദ്യങ്ങള്‍ക്കും ഒടുവില്‍ രാത്രി രണ്ട് മണിയോടെ തളിപ്പറമ്പില്‍ വീടിനു സമീപത്തെ പറമ്പിലായിരുന്നു ധീരജിന്റെ സംസ്‌കാരം.
മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി. പാര്‍ട്ടി വാങ്ങിയ 8 സെന്റ് ഭൂമിയിലായിരുന്നു ധീരജിന് തളിപ്പറമ്പില്‍ അന്ത്യവിശ്രമമൊരുക്കിയത്.