ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ചേര്‍ത്തല പള്ളിപ്പുറം സെന്റ്മേരീസ് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. ജലന്ധര്‍ രൂപതയില്‍ നിന്നുള്ള വൈദികരും ചടങ്ങുകളില്‍ പങ്കെടുക്കും.
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം രാത്രി 9 മണിയോടെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു. മരണ വിവരമറിഞ്ഞ് ജലന്ധറിലെത്തിയ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍, മാര്‍ ജേക്കബ് മനത്തോടത്ത് നേതൃത്വം നല്‍കും. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ വൈദികനെ കഴിഞ്ഞ ദിവസമാണ് ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.