കൊച്ചി: തൃപ്പൂണിത്തുറ പേട്ടയില്‍ വീടിനോടു ചേര്‍ന്നു സൂക്ഷിച്ച ഫര്‍ണിച്ചറിനും വാഹനത്തിനും തീപിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വീട്ടുടമ പെരുമ്പാവൂര്‍ സ്വദേശി സുനീറും സംഭവസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ മരട് സ്വദേശി പ്രസന്നനും തമ്മില്‍ സാമ്പത്തിക ഇടപാടില്‍ തര്‍ക്കം നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
പ്രതികാരം തീര്‍ക്കാന്‍ പെട്രോളുമായി എത്തി ഇയാള്‍ കാര്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തീ പടര്‍ന്നതാകാം അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പ്രസന്നന്റെ ആത്മഹത്യാശ്രമത്തിനിടെയോ മറ്റോ തീപടര്‍ന്നതാകാനും ഇടയുണ്ടെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയാണ് പൊലീസിന്. പ്രസന്നന്റെ മൃതശരീരത്തിനു സമീപം ലൈറ്ററിന്റെ ഭാഗം കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന.
മരിച്ച പ്രസന്നന്‍ പ്രദേശത്ത് ലോട്ടറി വില്‍ക്കുന്നയാളാണ്. മരടിലുള്ള ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയുടെ ഉടമയാണ് സുനീര്‍. അവിടെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്നു. ഇതില്‍ നിന്നു തീ പടര്‍ന്നാണ് വീടിന്റെ ഒരു ഭാഗം കത്തി നശിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. ഈ സമയം സുനീര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യയും മക്കളുമാണ് വീടിനകത്തുണ്ടായിരുന്നത്. ഇതിനിടെ നാട്ടുകാരെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്. വീട്ടിനകത്തുണ്ടായിരുന്നവരെ ഉടന്‍ തന്നെ പുറത്ത് എത്തിക്കാനായതിനാലാണ് കൂടുതല്‍ ദുരന്തം ഒഴിവായത്. ഈ സമയം പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. പിന്നീടാണ് പൂര്‍ണമായും പൊള്ളിയ നിലയില്‍ ഗേറ്റിനടുത്തായി മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ ഇയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ മരട് സ്വദേശിയാണെന്നു വ്യക്തമാകുകയായിരുന്നു.