ജമ്മു-കശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീവ്രവാദ സംഘങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു

ശ്രീനഗര്‍: പാക്കിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള തീവ്രവാദ സംഘങ്ങള്‍ നിരന്തരം നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് ജമ്മു-കശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

തീവ്രവാദം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറി മാറി വന്നാലും ഇതിന് മാറ്റമില്ലാത്തതിനാല്‍ അധികാരത്തിലും ഭരണ സംവിധാനത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ദിനം പ്രതി കുറഞ്ഞു വരികയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതും അന്നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി റംസാന്‍ നാളില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയതും സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കിയിരുന്നു. ഇന്ന്, ബാലറ്റ് പെട്ടിയിലൂടെ ജനങ്ങള്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദ സംഘങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു.

തീവ്രവാദ സംഘങ്ങള്‍ക്കു പുറമെ പാക്കിസ്ഥാന്‍ സൈനിക സംഘത്തെയും ജമ്മുവിലെ പുതിയ സാഹചര്യം അസ്വസ്ഥപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും തീവ്രവാദ ഫണ്ടിംഗിനെയും പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രതികൂലമായി ബാധിക്കാം എന്ന് പാക്ക്‌ ഇസ്ലാമിക് സ്റ്റേറ്റ്‌സ് പ്രവര്‍ത്തകര്‍ കണക്കു കൂട്ടുന്നു.

ഇത്തരം തീവ്രവാദ സംഘങ്ങള്‍ ആക്രമണങ്ങള്‍ ശക്തമാക്കുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എല്ലാവരോടും തെരഞ്ഞെടുപ്പ് പ്രക്രിയ്യയുടെ ഭാഗമാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര നിലപാട് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയ്ക്ക് പൂര്‍വ്വിക സ്വത്തില്‍ അവകാശമില്ലെന്ന് ഈ വകുപ്പില്‍ പരാമര്‍ശിക്കുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ ഭീകരവാദ സംഘങ്ങളും സുരക്ഷാ സൈന്യവുമായി പല തവണ ഏറ്റുമുട്ടല്‍ നടന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്താന്‍ സാധിച്ചത്.

Top