ന്യൂഡല്‍ഹി: ആമസോണിനെതിരെ ഫ്യൂച്ചര്‍ റീട്ടെയില്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ആസ്തി വില്‍ക്കുന്നതിനെതിരെ സെബിക്കും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള അധികൃതര്‍ക്കും ആമസോണ്‍ പരാതി നല്‍കുന്നതിനെ എതിര്‍ത്ത് നല്‍കിയ ഇടക്കാല ഹര്‍ജിയിലാണ് ഉത്തരവ്.
ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്ന് അനുകൂല ഇടക്കാല ഉത്തരവ് ആസമോണ്‍ നേടുകയും ചെയ്തിരുന്നു.
റിലയന്‍സുമായുള്ള ഇടപാടില്‍ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. കരാര്‍ ലംഘിച്ചെന്നാരോപിച്ച് ആമസോണ്‍ അടിയന്തര വ്യവഹാരത്തിന് കോടതിയെ സമീപിച്ചു. അതിനിടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടുമായി മുന്നോട്ടുപോകാന്‍ റിലയന്‍സിന് സിസിഐ നവംബറില്‍ അനുമതി നല്‍കുകയും ചെയ്തു.