ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് ജി സാറ്റ് 9-ന്റെ വിക്ഷേപണം ചരിത്ര നിമിഷമാണെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് ജി സാറ്റ് 9-ന്റെ വിക്ഷേപണം ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണത്തില്‍ പുതിയ മേഖലകള്‍ തുറക്കാന്‍ ഇതിനാവുമെന്ന് അദ്ദേഹം പറഞ്ഞു. വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിവാദ്യം ചെയ്ത മോദി, ദക്ഷിണേഷ്യ അടക്കമുള്ള മേഖലയുടെ വികസനത്തില്‍ ഉപഗ്രഹം വലിയ പങ്കു വഹിക്കുമെന്നും അഭിപ്രായപ്പെട്ടു.

വൈകീട്ട് 4.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജി.എസ്.എല്‍.വി.-എഫ്.09 റോക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചത്. അയല്‍ക്കാര്‍ക്കായി ഇന്ത്യ ഒരുക്കിയ ജിസാറ്റ്-9 ഉപഗ്രഹത്തിന് സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് എന്നാണ് പേര്. ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാല്‍ദ്വീപ്, ശ്രീലങ്ക രാജ്യങ്ങളുടെ തലവന്‍മാര്‍ നന്ദിയും ആശംസകളും അറിയിച്ചു. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം യാഥാര്‍ത്ഥ്യമായതായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്രഫ് ഘാനി വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡി.ടി.എച്ച്., വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയവയ്‌ക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ്-9. 2230 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ്സ് 12 വര്‍ഷമാണ്. ഉപഗ്രഹ നിര്‍മാണച്ചെലവായ 235 കോടി രൂപയും വഹിച്ചത് ഇന്ത്യയാണ്. 2014-ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ രാജ്യങ്ങള്‍ക്ക് ലഭ്യമാകും. ടെലി മെഡിസിന്‍, വാര്‍ത്താ വിതരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് ഉപഗ്രഹം. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ പരസ്പരം കൈമാറും.

ശ്രീലങ്ക, ബംഗ്‌ളാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സൗജന്യ സേവനം ലഭിക്കും. സാര്‍ക് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയതെങ്കിലും പിന്നീട് പാകിസ്താന്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്.

Top