ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല; ജി സുധാകരൻ

ആലപ്പുഴ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്റെ പ്രതികരണം. യുവതീ പ്രവേശം വിലക്കിയ ചട്ടം സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.

താൻ മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ സ്ത്രീകൾക്ക് സംവരണം നൽകിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞ സ്ത്രീകൾക്കാണ് നിയമനമെന്ന ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും ജി സുധാകരൻ പ്രതികരിച്ചു.

50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ കയറാവൂ എന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. ജ്യോതിഷ താന്ത്രിക വേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിപിഐഎം നേതാവിന്റെ പ്രസ്താവന. ഇത് വാർത്തയായി പുറത്തുവന്നതോടെയാണ് വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തുവന്നത്.

Top