g sudhakaran against jishnu pranoy’s mother mahija

പയ്യന്നൂര്‍: ജിഷ്ണു പ്രണോയിയുടെ അമ്മയെ വിടാതെ വീണ്ടും സി പി എം മന്ത്രിമാര്‍. എം എം മണിക്ക് പിന്നാലെ ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത് മന്ത്രി ജി സുധാകരനാണ്.

ഒരു രക്തസാക്ഷിയുടെ മാതാവും പാര്‍ട്ടിക്കെതിരെ ഇതുവരെയും പരാതി പറഞ്ഞിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് മഹിജക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെയാണ് അവര്‍ പരാതി പറഞ്ഞതെന്ന് സുധാകരന്‍ തുറന്നടിച്ചു.

കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ മഹിജ സന്ദര്‍ശിക്കാനിരിക്കെയാണ് മന്ത്രിസഭയിലെ സീനിയര്‍ അംഗം തന്നെ ഇപ്പോള്‍ മഹിജക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂര്‍. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചരണം കണ്ണൂര്‍ ജില്ലയില്‍ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താല്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുണ്ട്. സ്വന്തം കണ്‍മുന്നില്‍ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല.

കേരളത്തിലെ ഒരു രക്തസാക്ഷി കുടുംബവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിജയം. എന്നാല്‍ പാര്‍ട്ടി പാരമ്പര്യവും മറ്റും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരാതി പറയാനാണ് ഇവിടെ ചിലര്‍ മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടികാട്ടി.

കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാര്‍ പോകാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീര്‍ പരിശുദ്ധമാണ്. ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയായില്ല. എന്നാല്‍, കോടതിയെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലന്നും അദ്ദേഹം പറഞ്ഞു.

Top