ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മന്ത്രി ജി.സുധാകരന്‍. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ആദ്യം പറഞ്ഞത് ഇ.എം.എസ് ആണ്. സാധാരണയായി ആര്‍എസ്എസിന്റെ വോട്ടുകള്‍ ഞങ്ങള്‍ ആവശ്യപ്പെടാറില്ല. ആര്‍എസ്എസ് വോട്ട് നേടി ഞങ്ങളാരും വിജയിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ടുവേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. ആര്‍എസ്എസ് വോട്ടു ചെയ്താലും സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. വര്‍ഗീയ വിരുദ്ധ വോട്ടുകളില്‍ ഈ ആശങ്ക നിഴലിച്ചേക്കാമെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനു ലഭിച്ച, ബിഡിജെഎസിന്റെയും കേരള കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഇക്കുറി സിപിഎമ്മിനു ലഭിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ ഇടതുപക്ഷ മുന്നണിക്ക് ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.