അഴിമതി കുഴി നിറഞ്ഞ റോഡ്, എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് കയ്യടിവാങ്ങി മന്ത്രി . . .

G sudhakaran

ആലപ്പുഴ: യാത്രക്കിടെ റോഡിലെ കുഴികള്‍ എണ്ണിയ മന്ത്രി ജി. സുധാകരന്‍ ഞെട്ടി, 2200-ഓളം കുഴികള്‍. ഉടന്‍തന്നെ എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് കയ്യടിവാങ്ങി മന്ത്രി.

ചങ്ങനാശ്ശേരി കെ.എസ്.ടി.പി. റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്.ആര്‍. അനിതകുമാരിയെയാണ് മന്ത്രി ജി. സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തത്.

ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരി റോഡിലൂടെ പോകുന്നവഴിയാണ് മന്ത്രി റോഡിലെ കുഴികളെണ്ണിയത്. 2200-ഓളം കുഴികള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എ.സി. റോഡിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍-വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

മാത്രമല്ല, യു.ഡി.എഫ്. സര്‍ക്കാരിന്റെകാലത്താണ് ഈ റോഡ് ടാര്‍ചെയ്തതെന്നും, കടുത്ത അഴിമതിയാണ് ഇതില്‍ നടന്നതെന്നും മന്ത്രി പറഞ്ഞു.

പലതവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും, അറ്റകുറ്റപ്പണിക്കായി മന്ത്രിയുടെ ഓഫീസില്‍നിന്ന് പലതവണ ഫോണ്‍വിളിച്ചെങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Top