തൃശൂര്‍ : അടുത്തമാസം 31ന് മുമ്പ് റോഡ് അറ്റകുറ്റപ്പണി തീര്‍ത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. അറ്റകുറ്റപ്പണികള്‍ക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഒന്നിച്ചിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ശോച്യാവസ്ഥയില്‍ ധനവകുപ്പിനെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി നേരത്തെ രംഗത്ത് വന്നിരുന്നു. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരന്‍ പറഞ്ഞിരുന്നു. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്ത സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.
പി.ഡബ്ലിയു ഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ എന്ത് ചെയ്യാനാണെന്നും സുധാകരന്‍ ചോദിച്ചിരുന്നു.
അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എം.എല്‍.എമാര്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കണം. അനുവദിക്കുന്ന പണം ദുര്‍വിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികള്‍ക്ക് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.