ആലപ്പുഴ: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരന്‍. കഴിഞ്ഞ ഓഗസ്റ്റിലും കഴിഞ്ഞ ദിവസവുമായാണ് തുക അനുവദിച്ചത്. ഓരോ മണ്ഡലത്തിലെയും മരാമത്ത് റോഡുകളുടെ ദൈര്‍ഘ്യം അനുസരിച്ച് ഉപരിതലത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ വിവരശേഖരണം അതതു ജില്ലകളിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി ഈ തുക കണ്ടെത്തി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ ഒരു വര്‍ഷം നിലനില്‍ക്കത്തക്കവിധം ശാസ്ത്രീയമായാണു നടത്തേണ്ടത്. റോഡുകള്‍ സ്ഥിരം കേടുപാടുകള്‍ സംഭവിക്കുന്ന പ്രദേശങ്ങളില്‍ നല്ല നിലവാരമുള്ള ഇന്റര്‍ലോക് ടൈലുകള്‍ വിരിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ കാത്തിരിക്കാതെ കാലാവസ്ഥ അനുകൂലമായ സാഹചര്യം നോക്കി ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എന്‍ജിനീയര്‍മാര്‍ നടപടിയെടുക്കണമെന്നും ചീഫ് എന്‍ജിനീയര്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടവും പരിശോധനയും ജാഗ്രതയും ഈ പ്രവര്‍ത്തനങ്ങളിലുണ്ടാകണമെന്നും മന്ത്രി പ്രത്യേകം നിര്‍ദേശിച്ചു.