അമ്പലപ്പുഴ: തെറ്റ് ചെയ്യുന്നത് ഐ.പി.എസുകാരാണെങ്കിലും അവര്‍ പുറത്തു പോകുമെന്ന് മന്ത്രി ജി.സുധാകരന്‍. മാപ്പര്‍ഹിക്കാത്ത തെറ്റ് ചെയ്തവരെ സര്‍വിസില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ പൊലീസ് ഓഫീസറായിരിക്കെ മരിച്ച ജോസഫിന്റെ കുടുംബ സഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
‘കേസില്‍ അറസ്റ്റ് ചെയ്യുന്നവരെ തൊടാനോ തല്ലാനോയുള്ള അധികാരം പൊലീസിനില്ല. വരാപ്പുഴയില്‍ അത് ലംഘിക്കപ്പെടുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ ഒരിക്കല്‍ കയറിയാല്‍ ആയുഷ്‌ക്കാലം മുഴുവനിരിക്കാമെന്ന് ആരും കരുതേണ്ട. അവര്‍ സര്‍വീസില്‍നിന്ന് വെളിയില്‍ പോകണം’- മന്ത്രി പറഞ്ഞു
മാത്രമല്ല, പൊലീസുകാരുടെ മോശം ചെയ്തികളെ തുറന്നുകാണിക്കേണ്ടതിന് പകരം അത് സര്‍ക്കാര്‍ നയമാക്കി ചിത്രീകരിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും, ചുമ്മാ കുത്തിയിരുന്ന് വിമര്‍ശിക്കുന്നവരുടെ വിമര്‍ശനത്തിന് പുല്ലുവില കല്‍പിക്കില്ലെന്നും, ശരി ചെയ്യുന്ന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചില മാധ്യമങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.