കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ നെല്ലിക്ക പോലെയാണെന്നും ആദ്യം കയ്ച്ചാലും പിന്നെ മധുരിക്കുമെന്നും മന്ത്രി ജി.സുധാകരന്‍. കണ്ണൂര്‍ ചൊവ്വയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരഴിമതിയും ഇല്ലാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നിട്ടും ചാനലുകാരെ കണ്ടാല്‍ സര്‍ക്കാരിനെ പറ്റി എന്തും പറയുന്ന സ്വഭാവമാണു ചിലര്‍ക്ക്. കേരളീയ സംസ്‌കാരം നിലനിര്‍ത്തിയുള്ള വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള ഭാഷ പഠിച്ചതില്‍ കുട്ടികള്‍ക്ക് അഭിമാനം തോന്നണം. ഭാഷയ്ക്ക് എതിരുനില്‍ക്കുന്നവരെല്ലാം ശിക്ഷ വാങ്ങും. സ്വന്തം അമ്മയാകുന്ന ഭാഷയെ തല്ലി ആരും വലിയ ആളാകേണ്ടന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ മലയാളം പറഞ്ഞാല്‍ പിഴ ഈടാക്കുന്നതും കുട്ടികളെ വെയിലത്തു നിര്‍ത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മദ്യശാലകള്‍ പ്രധാന റോഡരികുകളില്‍ നിന്നു ജനങ്ങള്‍ക്കു പ്രശ്‌നമില്ലാത്ത സ്ഥലത്തേക്കു മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യശാലയ്ക്കു സ്ഥലം തരില്ല എന്ന നിലപാടിലാണു ചില തദ്ദേശഭരണ സമിതികള്‍. മദ്യം നിരോധിച്ചിട്ടില്ല. നിരോധിക്കാത്ത സാധനം വില്‍ക്കരുതെന്നു പറയാന്‍ ആര്‍ക്കും അധികാരമില്ലന്നും മന്ത്രി അറിയിച്ചു.
പാലങ്ങള്‍ മൂന്നു മാസം കൂടുമ്പോള്‍ പരിശോധിക്കാനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, സംസ്ഥാനത്തെ പല പാലങ്ങളും പരിശോധിച്ചിട്ട് അനേകം വര്‍ഷങ്ങളായി. നൂറു വര്‍ഷം കഴിഞ്ഞിട്ടു പോലും പരിശോധന നടത്താത്ത പാലങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.