ദില്ലി: ‘പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധത്തിനും പ്രതികരണത്തിനുമായി ഇന്ത്യയിൽ മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സമർപ്പിച്ച 25 മില്യൺ ഡോളർ നിർദ്ദേശത്തിന് ജി 20 പാൻഡെമിക് ഫണ്ട് അംഗീകാരം. ഇന്തോനേഷ്യയുടെ ജി 20 അധ്യക്ഷതയ്ക്ക് കീഴിൽ സ്ഥാപിതമായ പാൻഡെമിക് ഫണ്ട്, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിന് നിർണായക നിക്ഷേപങ്ങൾക്ക് ധനസഹായം നൽകി വരുന്നുണ്ട്.
രോഗ നിരീക്ഷണവും മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനവും ശക്തിപ്പെടുത്തുകയും സംയോജിപ്പിക്കുകയും ചെയ്യുക, ലബോറട്ടറി ശൃംഖല നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ‘ഇന്റർ-ഓപ്പറബിൾ’ ഡാറ്റാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, അപകടസാധ്യത വിശകലനത്തിനും അപകടസാധ്യത ആശയവിനിമയത്തിനുമുള്ള ഡാറ്റാ അനലിറ്റിക്സിന്റെ ശേഷി വർദ്ധിപ്പിക്കുക, അതിർത്തി കടന്നുള്ള മൃഗ രോഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുക, അതിർത്തി കടന്നുള്ള സഹകരണത്തിലൂടെ പ്രാദേശിക സഹകരണത്തിൽ ഇന്ത്യയുടെ പങ്ക് എന്നിവയാണ് നിർദ്ദേശത്തിന് കീഴിലുള്ള പ്രധാന ഇടപെടലുകൾ.
പാൻഡെമിക് ഫണ്ട് പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി അധികവും സമർപ്പിതവുമായ വിഭവങ്ങൾ മാത്രമല്ല കൊണ്ടുവരുന്നത്. ഇത് നിക്ഷേപവും പങ്കാളികൾ തമ്മിലുള്ള ഏകോപനവും വർദ്ധിപ്പിക്കും. ദുർബലരായ ജനസംഖ്യയുടെ ആരോഗ്യം, പോഷകാഹാര സുരക്ഷ, ഉപജീവനമാർഗം എന്നിവ അപകടത്തിലാക്കുന്ന മൃഗങ്ങളിൽ നിന്ന് (വളർത്തുമൃഗങ്ങളും വന്യജീവികളും) ഒരു രോഗകാരി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) മുഖ്യ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുകുയും ലോക ബാങ്ക്, ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) എന്നിവയുടെ സഹകരണവും ഉണ്ടാകും.